Kerala
തിരുവനന്തപുരം: ഭരണ നിർവഹണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ടൂളുകൾ ഉപയോഗിക്കുമെന്നും ഡേറ്റാ ഡ്രിവണ് ഗവേണൻസിനായി പഠനം തുടങ്ങിയെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ.
ധവളപത്രം തയാറാക്കാൻ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടില്ല. 172പേജുള്ള ധവളപത്രം 10 ദിവസം കൊണ്ട് തയാറാക്കാൻ സർക്കാരിന് ശേഷിയുണ്ട്. 6000 കോടി നീക്കിയിരിപ്പുണ്ടെന്ന് വെളിപ്പെടുത്തി ട്രഷറി ബാലൻസ് ആദ്യം പുറത്തുപറഞ്ഞത് മുൻ ധനമന്ത്രി കെ.എൻ.ബാലഗോപാലാണ്. ഇതിലൊന്നും ഒരു രഹസ്യവുമില്ല. കിഫ്ബിയുടെ പ്രവർത്തനം പുനഃക്രമീകരിക്കും. എങ്ങനെ വേണമെന്ന് പഠിക്കുകയാണ്.
പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ ഇഡി കേസ് എങ്ങനെ അന്വേഷിക്കണമെന്നു പറയാൻ സർക്കാരിന് അധികാരമില്ല. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് സിപിഎം നേതാക്കൾ ഇപ്പോൾ പറയുന്നത്. ഇതാണ് താൻ ആദ്യം മുതൽ പറഞ്ഞുകൊണ്ടിരുന്നത്.
രാഹുൽ ഗാന്ധിയുടെ കേസിലടക്കം ഇഡിക്കെതിരേ കോണ്ഗ്രസ് രാഷ്ട്രീയ നിലപാടുകൾ പറയുന്പോഴും അന്വേഷണവുമായി സഹകരിച്ചിരുന്നു. 55 മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ചോദ്യംചെയ്തത്. ഇഡി ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചാൽ പോലീസ് ഇടപെടും. ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാമെന്ന വ്യാമോഹം കേരളത്തിൽ നടക്കില്ല. ഇപ്പോൾ വീണയ്ക്ക് സമൻസ് കിട്ടിയപ്പോൾ ഇഷ്ടിക കൈയിലെടുത്തില്ലല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
National
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന് സംസ്ഥാനഭരണത്തിൽ പൂർണ സ്വാതന്ത്ര്യമുണ്ടാകുമെന്നും പാർട്ടിയുടെ അനാവശ്യ ഇടപെടൽ ഉണ്ടാകില്ലെന്നും കോണ്ഗ്രസ് ഹൈക്കമാൻഡ്.
മുഖ്യമന്ത്രിയായശേഷം ആദ്യമായി ഡൽഹിയിലെത്തിയ സതീശൻ ഇന്നലെ രാവിലെ കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി തിരക്കിട്ട ചർച്ചകൾ പൂർത്തിയാക്കി കേരളത്തിലേക്കു മടങ്ങി.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഇന്നലെ രാവിലെ ഒന്പതിന് അദ്ദേഹത്തിന്റെ ലോധി എസ്റ്റേറ്റിലെ വസതിയിലെത്തി കണ്ടു നടത്തിയ ചർച്ചയോടെയായിരുന്ന ഹൈക്കമാൻഡ് നേതാക്കളുമായുള്ള തിരക്കിട്ട കൂടിക്കാഴ്ചകളുടെ തുടക്കം.
പുറത്തിറങ്ങി വന്നു സ്വീകരിച്ചാണ് വേണുഗോപാൽ മുഖ്യമന്ത്രിയെ വീടിനുള്ളിലേക്ക് ആനയിച്ചത്. അവിടെനിന്നു നേരേ കോണ്ഗ്രസ് പ്രസിഡന്റും രാജ്യസഭാ പ്രതിപക്ഷനേതാവുമായ ഖാർഗെയുടെ വീട്ടിലെത്തി. പൂച്ചെണ്ട് നൽകിയും ഷാൾ അണിയിച്ചും ഖാർഗെ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
പതിനൊന്നരയോടെ ജൻപഥിലെ സോണിയ ഗാന്ധിയുടെ വസതിയിലെത്തി. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർ ചേർന്നു കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി.
കെപിസിസിക്ക് പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതടക്കം കേരളത്തിലെ വലിയ രാഷ്ട്രീയചർച്ചകൾ ഇന്നലെ ഉണ്ടായില്ലെന്ന് ഹൈക്കമാൻഡിനെ ഉദ്ധരിച്ച് ഒരുന്നത നേതാവ് അറിയിച്ചു. യുഡിഎഫിന്റെ വൻവിജയത്തിനു പിന്നാലെ നല്ല തുടക്കമാണ് സതീശൻ മന്ത്രിസഭയുടേത്. സന്പൂർണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും വകുപ്പുവിഭജനവും അടക്കം സാധാരണ കീറാമുട്ടിയാകുന്ന പ്രധാന തീരുമാനങ്ങൾ വേഗത്തിലെടുക്കാനായതിൽ മുഖ്യമന്ത്രിയെ എഐസിസി നേതൃത്വം അഭിനന്ദിച്ചു.
സ്വതന്ത്രമായ തീരുമാനങ്ങളും നടപടികളുമെടുക്കാനും ജനാഭിലാഷം മാനിച്ച് സുതാര്യ ഭരണം നടത്താനും മുഖ്യമന്ത്രിക്ക് പൂർണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തുവെന്നും ഹൈക്കമാൻഡിലെ ഉന്നതൻ ദീപികയോട് പറഞ്ഞു. സർക്കാർ നിയമനങ്ങളിലും ഭരണകാര്യങ്ങളിലും അടക്കം മുഖ്യമന്ത്രിക്കു പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും പാർട്ടിയുടെ ഉന്നത നേതാക്കൾ പോലും ഇടപെടില്ലെന്നുമാണു ഹൈക്കമാൻഡിന്റെ നിലപാട്.
വേണുഗോപാലും സതീശനും നടത്തിയ ചർച്ച പ്രതീക്ഷിച്ചതുപോലെ സൗഹാർദപരമായിരുന്നു. വിവാദ വിഷയങ്ങളൊന്നും ചർച്ചയിൽ ഉയർന്നില്ല. എഐസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ പിന്നീട് നടന്ന കോണ്ഗ്രസിന്റെ ന്യൂനപക്ഷ ഡിപ്പാർട്ട്മെന്റ് ഉപദേശകസമിതി യോഗം നടന്നു.
എഐസിസി നേതൃത്വവുമായുള്ള ചർച്ചകൾ പൂർത്തിക്കിയശേഷം ഉച്ചകഴിഞ്ഞ് മൂന്നിനുള്ള വിമാനത്തിൽ മുഖ്യമന്ത്രി കൊച്ചിയിലേക്കു മടങ്ങി. മുഖ്യമന്ത്രിയായശേഷം ആദ്യമായി പറവൂരിലെത്തുന്ന സതീശന് സ്വന്തം വോട്ടർമാർ നൽകിയ സ്വീകരണത്തിനായാണു ഡൽഹി സന്ദർശനം വേഗം പൂർത്തിയാക്കിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി ചെവ്വാഴ്ച വീണ്ടും ഡൽഹിയിലെത്തും.
വെള്ളിയാഴ്ച രാത്രി വൈകി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി സതീശന് കോണ്ഗ്രസ് പ്രവർത്തകർ ഊഷ്മള സ്വീകരണമാണു നൽകിയത്. എൻജിഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണത്തിൽ സതീശൻ കേക്ക് മുറിച്ചു. വിവിധ സംഘടനകൾക്കുവേണ്ടി ഭാരവാഹികൾ പൂച്ചെണ്ടുകൾ സമ്മാനിച്ചു.
Kerala
ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിൽ ഇടതുപക്ഷവും ഹാട്രിക് വിജയം നേടുമോയെന്നാണു രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കാരണം, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പിണറായി വിജയനെത്തിയത് ധർമടത്തുനിന്നു ജയിച്ചാണ്. ഇടതിനൊപ്പം സഞ്ചരിച്ച പാരമ്പര്യമുള്ള ധർമടത്ത് വിജയത്തിൽ കുറഞ്ഞതൊന്നും എൽഡിഎഫ് പ്രതീക്ഷിക്കുന്നില്ല.
2016ൽ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിലും കഴിഞ്ഞ തവണ 50,123 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണു പിണറായി വിജയൻ ധർമടത്തുനിന്നും ജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന് രണ്ടു വർഷത്തിന് ശേഷമുള്ള ലോക്സഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത് ബൂത്ത് തലത്തിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമായിരുന്നു. 165 ബൂത്തുകളിൽ 80ൽ യുഡിഎഫിനും 85ൽ എൽഡിഎഫിനുമായിരുന്നു ഭൂരിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തായ ആർസി അമല സ്കൂളിൽ 794 വോട്ടായിരുന്നു എൽഡിഎഫിനു ലഭിച്ചത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 907 വോട്ട് ഇവിടെ എൽഡിഎഫിനു ലഭിച്ചതാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2616 വോട്ടിന്റെ ഭൂരിപക്ഷവും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 25, 577 വോട്ടിന്റെ ഭൂരിപക്ഷവുമാണ് എൽഡിഎഫിനു ലഭിച്ചത്.
സംസ്ഥാനത്തിന്റെ വികസനതുടർച്ചയ്ക്കും എൽഡിഎഫ് സർക്കാരിന്റെ ഭരണതുടർച്ചയ്ക്കും വോട്ട് അഭ്യർഥിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലെ പ്രചാരണം. വലിയ ആവേശത്തോടെയാണ് മണ്ഡലത്തിലെ പ്രചാരണ പരിപാടികളിലെല്ലാം പിണറായി വിജയനെ ജനങ്ങൾ സ്വീകരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന എൽഡിഎഫിന്റെ മറ്റ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും റാലികളിലും മുഖ്യമന്ത്രി കൂടുതൽ സജീവമാകുന്പോഴും മണ്ഡലത്തിൽ എൽഡിഎഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രചാരണം സജീവമാണ്.
മുഖ്യമന്ത്രി പിണറായി വിജയനു തോൽവിയേക്കാൾ അപ്പുറം മികച്ച ഒരു മറുപടി നല്കാനാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ വി.പി. അബ്ദുൾ റഷീദിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്.
2021ൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ തളിപ്പറന്പ് നിയോജക മണ്ഡലത്തിൽ റഷീദ് ഞെട്ടിച്ചിരുന്നു. 2016ൽ എൽഡിഎഫിലെ ജയിംസ് മാത്യു നേടിയ ഭൂരിപക്ഷം പകുതിയായി കുറയ്ക്കാൻ അബ്ദുൾ റഷീദിനു സാധിച്ചു. അതാണ് യുഡിഎഫിന്റെ തുറുപ്പുചീട്ടായി പിണറായി വിജയനെതിരേ മത്സരിക്കാൻ അബ്ദുൾ റഷീദിനെ നിയോഗിച്ചിരിക്കുന്നത്.
മണ്ഡലത്തിൽ പരിചിതനല്ലെങ്കിലും സംസ്ഥാന സർക്കാരിന്റെ പൊള്ളയായ നേട്ടങ്ങളെയും മുഖ്യമന്ത്രിയുടെ ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും അക്കമിട്ട് നിരത്തുന്നുണ്ട് പ്രചാരണരംഗത്ത് റഷീദ്. യുവത്വത്തിന്റെ പ്രസരിപ്പോടെ മണ്ഡലത്തിൽ ഒാടിനടക്കുന്ന റഷീദിന്റെ പ്രചാരണരംഗം സജീവമാണ്.
ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്താണ് എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എൻഡിഎയുടെ പ്രചാരണം.
Kerala
തിരുവനന്തപുരം: ഭരണ നിര്വഹണ മേഖലയില് നിര്മിതബുദ്ധിക്ക് വിപ്ലവാത്മകമായ മാറ്റങ്ങള് സൃഷ്ടിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിര്മിത ബുദ്ധിയുടെ വിവിധ മേഖലകളിലെ പ്രായോഗിക സാധ്യതകളും സാമൂഹികവും സാമ്പത്തികവുമായ സ്വാധീനവും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കേരള റീജണല് എഐ ഇംപാക്റ്റ് കോണ്ഫറന്സിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണനിര്വഹണത്തില് എഐ ഉപയോഗം സംബന്ധിച്ച സര്ക്കാരിന്റെ കാഴ്ചപ്പാട് എന്ന വിഷയത്തില് അദ്ദേഹം അഭിപ്രായം വ്യക്തമാക്കി. ജനാധിപത്യവും ധാര്മിക മൂല്യങ്ങളും ഉയര്ത്തിപ്പിടിച്ചാവണം നിര്മിതബുദ്ധി പ്രോത്സാഹിപ്പിക്കേണ്ടതെന്ന് അദ്ദേഹം ഓര്മിപ്പിച്ചു. ഫെബ്രുവരിയില് ഡല്ഹിയില് നടക്കാനിരിക്കുന്ന ആഗോള നിര്മിത ബുദ്ധി സമ്മിറ്റിന് വൈജ്ഞാനികവും ക്രിയാത്മകവുമായ ആശയങ്ങള് സംഭാവന ചെയ്യാന് ഈ കോണ്ഫറന്സിന് സാധിച്ചു.
ചരിത്രം അടയാളപ്പെടുത്തുന്ന നേട്ടമാണിത്. ഇന്നവേഷന് ടൂ ഇംപാക്ട് എന്നത് സാങ്കേതിക വിദ്യയെ കേവലം കല്പനകളായി മാത്രം കാണാതെ പ്രായോഗികമായ മാറ്റങ്ങള് കൊണ്ടുവരാനുള്ള ആഹ്വാനം കൂടിയാണ്. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്കൂടി പരിഗണിച്ച് സര്കാര് സേവനങ്ങള് കൂടുതല് സുതാര്യമാക്കാന് നിര്മിതബുദ്ധിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
National
കോയന്പത്തൂർ: ഭരണത്തിൽ പങ്കാളിത്തം ആവശ്യപ്പെടുന്നത് തെറ്റല്ലെന്ന് തമിഴ്നാട്ടിലെ കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി.
വർഷങ്ങളോളം കോൺഗ്രസ് ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചിരുന്നില്ലെങ്കിലും ഒരിക്കലും ചെയ്യില്ലെന്ന് അർഥമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഭരണത്തിൽ പങ്കാളിത്തം ഉറപ്പാക്കാൻ സമയമായെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് എംപി മാണിക്കം ടാഗോർ പറഞ്ഞിരുന്നു. വിജയ്യെ ഒറ്റത്തവണ മാത്രമാണ് സന്ദർശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കീഴിലുള്ള ഓൾ ഇന്ത്യ പ്രഫഷണൽസ് കോൺഗ്രസിന്റെ ചെയർമാനാണ് പ്രവീൺ ചക്രവർത്തി.
Leader Page
ചെല്ലാനം തീരത്ത് സർക്കാർ നിർമിച്ച കടൽഭിത്തി വൻവിജയമായി എന്നത് അനുഭവത്തിൽനിന്നു വ്യക്തമാണ്. എന്നാൽ, പ്രോജക്ട് പൂർത്തിയാക്കാതെ വന്നതിനാൽ കണ്ണമാലി-ചെറിയകടവ് പരിസരനിവാസികളുടെ ദുരിതം പല മടങ്ങായി ഉയർന്നു. ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ക്ലേശങ്ങളിലൂടെയാണ് അവർ ഈ മൺസൂൺ കാലത്തു കടന്നുപോകുന്നത്. പൗരന്മാരുടെ ഈ ദുരനുഭവം കേരളത്തിന്റെ തീരസംരക്ഷണത്തെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകളിലേക്കാണ് പൊതുസമൂഹത്തെ ക്ഷണിക്കുന്നത്.
കേരളത്തിന് 590 കിലോമീറ്റർ തീരമാണുള്ളത്. 38,863 ചതുരശ്ര കിലോമീറ്റർ വരുന്ന കേരളത്തിന്റെ മൊത്തം വിസ്തൃതിയുടെ 15 ശതമാനം തീരപ്രദേശമാണ്. കടലിനു സമാന്തരമായുള്ള കായലുകളും അവയിലേക്കു വന്നുചേരുന്ന നദികളും ചേർന്നു കേരളത്തെ ജലസമൃദ്ധമായ ദൈവത്തിന്റെ സ്വന്തം നാടാക്കിയിരിക്കുന്നു.
കായലുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടും ഉൾപ്പിരിവുകൾ സമ്മാനിച്ചുകൊണ്ടും മനുഷ്യനിർമിതമോ അല്ലാത്തതോ ആയ തോടുകൾ കൈരളിയുടെ ജൈവ ആവാസവ്യവസ്ഥയുടെ നാഡീഞരമ്പുകൾ പോലെ വർത്തിക്കുന്നു. എല്ലാ വർഷവും കേരളതീരം കടലാക്രമണത്തിന് ഇരയാകുന്നു. പൊഴികളും തോടുകളും കാനകളും മണ്ണു നിറഞ്ഞിരിക്കുന്നതിനാൽ അപ്പോഴെല്ലാം തീരദേശം വെള്ളത്തിലും ചെളിയിലും മുങ്ങുന്നു. പ്രളയദുഃഖവും ദുരിതവും നാശവും തീരദേശവാസികളെ വിട്ടുപോകുന്നില്ല. ഇതിന്റെ കാരണങ്ങളും പരിഹാരങ്ങളും പലരും വിചിന്തനവിഷയമാക്കിയതും മുന്നോട്ടു വച്ചിട്ടുള്ളതുമാണ്. അവയുടെ ചുരുക്കം എന്റെ ചില നിരീക്ഷണങ്ങളും നിർദേശങ്ങളും ചേർത്ത് അവതരിപ്പിക്കുകയാണ്.
■ കലിതുള്ളുന്ന കടലിന് സ്ഥലമൊഴിഞ്ഞുകൊടുക്കണോ?
ലോകമെമ്പാടും സമുദ്രജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. 1900നും 2017നുമിടയ്ക്ക് സമുദ്രനിരപ്പ് 16 മുതൽ 21 സെന്റിമീറ്റർ വരെ ഉയർന്നുകഴിഞ്ഞു എന്നാണ് അമേരിക്കയുടെ ഗ്ലോബൽ ചേഞ്ച് റിസർച്ച് പ്രോഗ്രാം (USGCRP) പുറത്തുവിട്ട ശാസ്ത്രീയ റിപ്പോർട്ടുകൾ പറയുന്നത്.
സാറ്റലൈറ്റ് റഡാർ നിർണയപ്രകാരം 1993നും 2017നുമിടയ്ക്ക് സമുദ്രനിരപ്പ് 7.5 സെന്റിമീറ്റർ ഉയർന്നു. ഇനിയങ്ങോട്ട് ഒരു നൂറ്റാണ്ടിൽ 30 സെന്റിമീറ്റർ ഉയർച്ച സമുദ്രനിരപ്പിലുണ്ടാകുമെന്നാണ് ഇതു കാണിക്കുന്നത്. ആഗോളതാപനത്തിന്റെ ഫലമായി ആർട്ടിക്കിലും അന്റാർട്ടിക്കയിലും മഞ്ഞുപാളികൾ ഉരുകിക്കൊണ്ടിരിക്കുന്നത് ഒരു കാരണമാണ്. അറബിക്കടലിലെ ന്യൂനമർദ രൂപീകരണത്തിൽ ചില അസാധാരണ പ്രതിഭാസങ്ങളും സ്ഥിരമായി കണ്ടുതുടങ്ങിയിട്ടുണ്ട്. ഫിലിപ്പൈൻസ്, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ അതിർത്തികൾ വെള്ളത്തിനടിയിലായിത്തുടങ്ങിയിരിക്കുന്നു. തീരദേശവാസികൾ അവിടം വിട്ടുപോയിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ എങ്ങനെയാണ് നമ്മുടെ തീരങ്ങൾ സംരക്ഷിക്കപ്പെടാൻ പോകുന്നത്?
തീരദേശത്തു വസിക്കുന്നവരാരും കടലിൽ കൊണ്ടുപോയി വീടു വച്ചവരല്ല. കടൽ അവരുടെ പറമ്പിലേക്കു കയറിവന്നതാണ്. ഒരു കിലോമീറ്ററോളം തീരം ഇതിനകം കടൽ വിഴുങ്ങിയിട്ടുണ്ട്. ഇനിയും കടൽ കയറുന്നതനുസരിച്ച് കേരളത്തിലെ തീരദേശവാസികളെല്ലാവരും അതുപേക്ഷിച്ച് മറ്റിടങ്ങളിലേക്കു പോകണമോ? ഒടുവിൽ, കേരളം വെറുമൊരു മലനാട് മാത്രമായിത്തീരണമോ?
ഇപ്പോൾ പുനർഗേഹം പദ്ധതി എന്നൊരു പരിപാടിയുമായി കേരളസർക്കാർ മുന്നോട്ടു പോകുകയാണ്. തീരദേശത്ത് 50 മീറ്ററിനുള്ളിൽ ഉള്ളവർക്ക് 10 ലക്ഷം രൂപ കൊടുക്കും; അതുകൊണ്ട് സ്ഥലം വാങ്ങി വീടുവച്ചു മാറണം! കൊച്ചി പോലുള്ള നഗരത്തോടു ചേർന്നുകിടക്കുന്ന ചെല്ലാനം പോലുള്ള ഇടങ്ങളിൽ 10 ലക്ഷം രൂപ കിട്ടിയാൽ എവിടെയാണ് അവർക്ക് മൂന്നു സെന്റ് സ്ഥലമെങ്കിലും വാങ്ങി ഒരു വീടുവയ്ക്കാൻ സാധിക്കുക?
മാത്രമല്ല, വെള്ളം കയറിയതു തീരത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരുടെ വീടുകളിൽ മാത്രമാണോ? അല്ല. റോഡിനു കിഴക്കുവശത്തുള്ള എല്ലാ വീടുകളിലും വെള്ളം കയറി. അതിന്റെയർഥം, തീരത്തോട് ചേർന്നു താമസിക്കുന്നതോ ദൂരെ മാറിത്താമസിക്കുന്നതോ അല്ല വിഷയം എന്നതാണ്. തീരപ്രദേശത്തോടു ചേർന്നു വീടുകളുള്ളവരെ അവിടെനിന്നു പറഞ്ഞയച്ചതുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയില്ല എന്നു വ്യക്തം. അതുകൊണ്ട് ആളുകൾ ഒഴിഞ്ഞുപോവുക എന്നതല്ല കടലാക്രമണത്തിനുള്ള മുഖ്യപരിഹാരം. അത് മറ്റെന്തോ താത്പര്യങ്ങൾക്കുള്ള ആരുടെയോ പരിഹാരം കൂടിയാകാം.
ശാസ്ത്ര-സാങ്കേതികവിദ്യ ഇത്രമാത്രം വികസിച്ചിരിക്കുന്ന ഈ കാലത്ത് കേരളതീരത്തെ കടലിനു വിഴുങ്ങാൻ വിട്ടുകൊടുക്കുന്നത് വളരെ മോശം ഭരണത്തിന്റെ തെളിവല്ലാതെ മറ്റെന്താണ്? 75 മീറ്റർവരെ സമുദ്രനിരപ്പ് ഉയരാവുന്നത്ര ഹിമാനികളും മഞ്ഞുപാളികളും ലോകമെമ്പാടും ഉണ്ടെന്ന കാരണംകൊണ്ട് മനുഷ്യരെല്ലാം ചന്ദ്രനിൽ പോയി താമസിക്കണം എന്നു പറയുന്നതിലുള്ള അതേ യുക്തിഭംഗമല്ലേ ജനം തീരം വിട്ടുപോകണം എന്ന സ്ഥിരംപല്ലവിയിലുമുള്ളത്?
■ ആദ്യം സംരക്ഷണം; പിന്നെ വികസനം
തീരദേശ വികസന അഥോറിറ്റി എന്ന പേരിൽ ഒരു സംവിധാനം കേരളത്തിലുണ്ട്. സത്യത്തിൽ ആ പേരു കേൾക്കുമ്പോൾ ചിരിയാണു വരുന്നത്. സംരക്ഷണം ഇല്ലാത്തിടത്ത് എന്തു വികസനം? 590 കിലോമീറ്റർ കടൽത്തീരമുള്ള ഒരു സംസ്ഥാനത്ത് ഇതുവരെ ഒരു തീരസംരക്ഷണ അഥോറിറ്റി രൂപീകൃതമായിട്ടില്ല. തീരസംരക്ഷണത്തിനു പ്രതിജ്ഞാബദ്ധമായ ഒരു ഭരണകൂടം ആദ്യം ചെയ്യേണ്ടത് ഒരു തീരസംരക്ഷണ അഥോറിറ്റി രൂപീകരിക്കുക എന്നതാണ്.
എട്ടു വർഷംമുമ്പ് ഇക്കാര്യം കേരള കത്തോലിക്കാ മെത്രാൻ സമിതി സർക്കാരിനു മുന്നിൽ അവതരിപ്പിച്ചതാണ്. മത്സ്യബന്ധനത്തിന്റെയും ഫിഷിംഗ് ഹാർബറുകളുടെയും കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഫിഷറീസ് വകുപ്പിനും കാന നിർമാണത്തിന്റെയും കുടിവെള്ളത്തിന്റെയും ജലസേചനത്തിന്റെയും ഉത്തരവാദിത്വമുള്ള ജലസേചന വകുപ്പിനും തീരസംരക്ഷണത്തെക്കുറിച്ച് എന്തു ധാരണയുണ്ടാകാനാണ്? ഈ വകുപ്പുകൾക്കുള്ള തീരസംരക്ഷണ സംബന്ധിയായ എല്ലാ ഉത്തരവാദിത്വങ്ങളും തീരസംരക്ഷണ അഥോറിറ്റിയുടെ കീഴിൽ വരണം.
■ ബുദ്ധിപൂർവമായ തീരസംരക്ഷണം
"ബുദ്ധിയുള്ളവർ' എന്നു ഡച്ചുകാരെ വിളിക്കുന്നത് അവരുടെ തീരസംരക്ഷണ ചാതുരി മുൻനിർത്തിയാണ്. പകുതിഭാഗവും സമുദ്രനിരപ്പിനു താഴെയായുള്ള നെതർലൻഡ്സ് 32 കിലോമീറ്റർ നീളമുള്ള ഒരു കടൽഭിത്തി പണിതുണ്ടാക്കി രൂപംകൊടുത്തത് പശ്ചിമയൂറോപ്പിലെ ഏറ്റവും വലിയ ജസൽമേർ എന്ന ശുദ്ധജല തടാകത്തിനാണ്. സമുദ്രജലം അഞ്ചു മീറ്റർവരെ ഉയർന്നാലും അതിനെ പ്രതിരോധിക്കാനുതകുന്ന പടുകൂറ്റൻ വാതായന സമുച്ചയം മേൽസാന്റ്കെറിംഗിൽ അവർ ഒരുക്കിയത് 1953ലെ വെള്ളപ്പൊക്കത്തിൽ 1836 ജീവനുകൾ പൊലിഞ്ഞതിന്റെ പ്രതിവിധിയായിട്ടാണ്. നദികൾക്ക് കൂടുതൽ വളഞ്ഞുപുളഞ്ഞൊഴുകാൻ ഇടമൊരുക്കുന്ന ജലത്തിനായി ഒരിടം (room for water) എന്ന പുത്തൻ സംവിധാനത്തിനും അവർ ജന്മമേകി. നേരെയൊഴുകുന്ന നദികളുടെ ശക്തി കുറച്ച് പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കാനുള്ള തന്ത്രംകൂടിയാണിത്. നദികൾക്കായി ഇരട്ടച്ചിറകൾ അവരുടെ മറ്റൊരു കണ്ടുപിടിത്തമാണ് - നദിയുടെ ഇരുവശങ്ങളിലും സാധാരണ ചിറയും അതിനകലെയായി കവിഞ്ഞൊഴുക്കു വെള്ളത്തെ തടയാൻ കൂടുതൽ വലുപ്പമുള്ള ചിറകളും.
നമ്മുടെ നാട്ടിൽ കടൽത്തീര സംരക്ഷണത്തിന് എന്തൊക്കെയാണ് ആവശ്യമായിട്ടുള്ളത്?
1. കടൽഭിത്തി നിർമാണം/പുനർനിർമാണം
ശാസ്ത്രീയമായ കടൽഭിത്തിയുടെ സുന്ദരമാതൃക മുംബൈയിൽ നരിമാൻ പോയിന്റ് മുതൽ ചൗപ്പട്ടിവരെ മൂന്നര കിലോമീറ്റർ നീളമുള്ള കടൽത്തീരത്തു കാണാം. അവിടെ 1920ലാണ് കടൽഭിത്തി കെട്ടിയത്. 1960-1961 കാലഘട്ടത്തിൽ ഭിത്തി ബലപ്പെടുത്തുന്നതിന്റെ ഭാഗമായി ചില ഭാഗങ്ങളിൽ ടെട്രാപോഡുകൾ നിരത്തി. 1980ൽ മുഴുവൻ കടൽഭിത്തിയും സംരക്ഷിക്കാനായി രണ്ടു നിര ടെട്രാപോഡുകളും അതിനും മുന്നിലായി 800-1000 കി.ഗ്രാം വരുന്ന കല്ലുകളും കടലിൽ സ്ഥാപിച്ചു. കാലാകാലങ്ങളിൽ ഭിത്തിയുടെ അവസ്ഥ പഠിക്കുകയും വിലയിരുത്തുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്താൽ എങ്ങനെ സ്വച്ഛമായി ജനങ്ങൾക്കു ജീവിക്കാമെന്നതിന്റെ നല്ലൊരുദാഹരണമാണ് മുംബൈയിലേത്.
കേരളത്തിന്റെ മുഴുവൻ കടൽത്തീരത്തും ഭിത്തിയുടെ ആവശ്യമില്ല. ആവശ്യമുള്ളയിടങ്ങൾ തിരിച്ചറിയാനും അവിടങ്ങളിൽ അതു നിർമിക്കാനും നിലവിലുള്ള കടൽഭിത്തികളുടെ ഉയരവും ബലവും പരിശോധിക്കാനും, വേണമെങ്കിൽ അവ പുനർനിർമിക്കാനും നിതാന്തശ്രദ്ധയും അധികാരവും ഫണ്ടും ഉള്ള ഒന്നായിരിക്കണം തീരസംരക്ഷണ അഥോറിറ്റി.
നമ്മുടെ കടൽഭിത്തികൾ നിർമിച്ചിട്ട് 60 വർഷത്തിലേറെയായി. അന്നുള്ള ഉയരവും ഇപ്പോഴുള്ള ഉയരവും തമ്മിലുള്ള അന്തരം കൃത്യമായി മനസിലാക്കേണ്ടതല്ലേ? കടൽവെള്ളം ഉയർന്നുകൊണ്ടിരിക്കുമ്പോൾ കടൽഭിത്തി താഴ്ന്നുപോകുന്നത് ഗൗരവമായി പരിഗണിക്കാതിരിക്കുന്നതെങ്ങനെ? കടൽഭിത്തിക്ക് മിനിമം ഇത്ര പൊക്കമെങ്കിലും വേണമെന്ന് നിർബന്ധമായും നിജപ്പെടുത്തേണ്ടതാണ്.
2. പുലിമുട്ട്/ജിയോ ട്യൂബ് സംവിധാനം
ഫോർട്ട് കൊച്ചി-വെളി പരിസരത്ത് പണ്ട് കടലാക്രമണമുണ്ടായിരുന്നു. തീരദേശസേന ആ പ്രദേശം ഏറ്റെടുത്ത് ഉയരം കൂടിയ കടൽഭിത്തിയും നീളമുള്ള പുലിമുട്ടുകളും സ്ഥാപിച്ചതോടെ അത്തരമൊരു പ്രശ്നം അവിടെ പഴങ്കഥയായിത്തീർന്നു. ആവശ്യമായ പുലിമുട്ടുകൾ സമുദ്രത്തിലേക്ക് നിർമിക്കുന്നതു തിരയുടെ ശക്തി കുറയ്ക്കാനും തീരത്തു മണ്ണടിയാനും ഇടയാക്കും. കേരള തീരങ്ങളിൽ പുലിമുട്ടുകൾ നിർമിക്കാനും നിലവിലുള്ള പുലിമുട്ടുകൾ താഴ്ന്നുപോകുകയോ ഇല്ലാതാകുകയോ ചെയ്തിട്ടുണ്ടോ എന്ന് വിലയിരുത്താനും തീരസംരക്ഷണ അഥോറിറ്റിയുടെ ആവശ്യമുണ്ട്.
സത്യത്തിൽ, പുലിമുട്ടിനു ബദലായ സംവിധാനമാണ് ജിയോ ട്യൂബ്. നമ്മുടെ ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥ വരേണ്യരല്ലാതെ, ലോകത്തൊരിടത്തും ആരും അതിനെ കടൽഭിത്തിക്കു ബദലായി പരിഗണിച്ചിട്ടില്ല. തീരത്തല്ല അതു സ്ഥാപിക്കേണ്ടത്. തിരമാലയടിക്കുന്ന ആഴമുള്ള ഭാഗത്ത് ഇടുന്ന മണൽ നിറച്ച ജിയോ ട്യൂബ് അലകളുടെ കരുത്ത് കുറയ്ക്കുകയും തീരപരിപോഷണം സാധ്യമാക്കുകയും ചെയ്യും. ഇതുവരെ ചെല്ലാനം പഞ്ചായത്തിൽ നടത്തിയ ജിയോ ട്യൂബ് പരീക്ഷണങ്ങളെല്ലാം തികഞ്ഞ പരാജയങ്ങളായിരുന്നു. കാരണം, അവ തീരത്താണ് നിക്ഷേപിച്ചത്.
3. തീരപോഷണം
കൊച്ചി-ചെല്ലാനം തീരങ്ങൾ ശോഷിക്കുന്നതിന്റെ കാരണം തേടി ആരും അലയേണ്ടതില്ല. പട്ടാപ്പകൽ പോലെ വ്യക്തമാണ് കാര്യങ്ങൾ. മനുഷ്യനുണ്ടാക്കിയ തീരശോഷണമാണത്. പോർട്ട് ട്രസ്റ്റ് കാലാകാലങ്ങളിൽ ചെയ്തുകൊണ്ടിരിക്കുന്ന ഡ്രഡ്ജിംഗിന്റെ അശാസ്ത്രീയതയും ഭീമങ്ങളായ വല്ലാർപാടം ടെർമിനൽ, വൈപ്പിൻ എൽഎൻജി ടെർമിനൽ എന്നിവയുടെ നിർമാണവും മറുകരയുടെ ശോഷണത്തിനു വ്യക്തമായ കാരണങ്ങളാണ്. വൈപ്പിനിൽ ഏതാണ്ടൊരു സ്ഥായീഭാവത്തോടെ രൂപീകൃതമായിട്ടുള്ള ഏക്കർ കണക്കിനു വയ്പുഭൂമി മറുകരയുടെ ശോഷണത്തിന്റെ ഫലമാണ്.
തീരപരിപോഷണം എന്നതിലൂടെ ഉദ്ദേശിക്കുന്നത് കടൽത്തീരത്ത് മണൽ ഉണ്ടാകാനുള്ള വഴികൾ തേടുക എന്നതാണ്. ഫ്ലോറിഡയിലെ പ്രശസ്തമായ മിയാമി ബീച്ചിൽ 61,000 ടൺ മണലാണ്, 16 മില്ല്യൻ ഡോളർ ചെലവഴിച്ച്, കഴിഞ്ഞ വർഷം മാത്രം തീരപരിപോഷണത്തിനായി സർക്കാർ നിക്ഷേപിച്ചത്. യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ തീരപോഷണം നടത്തുന്നത് സ്പെയിനാണ് - പ്രതിവർഷം പത്തു മില്യൻ മീറ്റർ ക്യൂബ് മണൽ!
കടൽത്തീരത്ത് മണൽ അടിയാനുള്ള സാധ്യത നാം ബോധപൂർവം ഒരുക്കേണ്ടതുണ്ട്. പുലിമുട്ടുകൾ കെട്ടുമ്പോഴും കടലിൽ ജിയോ ട്യൂബ് സ്ഥാപിക്കുമ്പോഴും ആ ഭാഗത്ത് മണൽ അടിയും. എന്നാൽ ഇതുമാത്രം പോരാ. നിലവിലുള്ള ഡ്രഡ്ജിംഗ് സംവിധാനങ്ങൾ തീരപരിപോഷണത്തിനതകുന്ന രീതിയിൽ പ്രയോഗിക്കണം. പരിസ്ഥിതി ആഘാത പഠനം കൂടാതെ കടൽത്തീരത്ത് വൻ പ്രോജക്ടുകൾ നടപ്പാക്കുന്നതിലൂടെ മറുകരയിലെ ഒരു ജനതയെയാകെ ദുരിതത്തിലാഴ്ത്തിയതിന്റെ ഉത്തരവാദിത്വം പോർട്ട് ട്രസ്റ്റിനും എൽഎൻജിക്കും ഉണ്ട്. തീരപരിപോഷണത്തിന് ആവശ്യമായതെല്ലാം ചെയ്യാൻ അവർക്ക് ധാർമികമായ ബാധ്യതയുമുണ്ട്.
4. കണ്ടൽക്കാടുകൾ വച്ചുപിടിപ്പിക്കൽ
തീരങ്ങളിൽ കണ്ടൽച്ചെടി വച്ചുപിടിപ്പിക്കുന്നത് തീരസംരക്ഷണത്തിനുള്ള ഏറ്റവും നല്ല മാർഗമാണ്. തലശേരി കടൽത്തീരം ഇതിന് ഉത്തമദൃഷ്ടാന്തമാണ്. മണ്ണൊലിപ്പ് തടയുന്നതിനും കടൽ കയറുന്നതു പ്രതിരോധിക്കുന്നതിനും കണ്ടൽക്കാടുകളുടെ സഹായം വളരെ വലുതാണ്.
5. പൊഴികളും അഴിമുഖങ്ങളും തോടുകളും
തീരസംരക്ഷണ അഥോറിറ്റിയുടെ കീഴിൽ വരേണ്ടതാണ് തീരത്തോടു ചേർന്നുള്ള പൊഴികളും അഴിമുഖങ്ങളും തോടുകളും. നമ്മുടെ ഒട്ടുമിക്ക തോടുകളും നദികളും മണലും ചെളിയും അടിഞ്ഞ് ആഴം തീരെ ഇല്ലാതായിരിക്കുകയാണ്. അതുകൊണ്ടുകൂടിയാണ് കടലിൽ വെള്ളം ഉയരുമ്പോൾ കടലിന്റെ പരിസരത്തുള്ളവരെല്ലാം വെള്ളത്തിൽ മുങ്ങുന്നത്. വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ മുന്പു വളരെ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കാണിക്കുന്ന കുറ്റകരമായ അനാസ്ഥയ്ക്കുള്ള ഏക പരിഹാരം അവരിൽനിന്ന് ആ ഉത്തരവാദിത്വം എടുത്തുമാറ്റി തീരസംരക്ഷണ അഥോറിറ്റിയെ ഏല്പിക്കുക എന്നതു മാത്രമാണ്.